കോഴിക്കോട് മാവൂർ റോഡിലെ ഗോകുലം ഗലേറിയ മാളിൽ ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. ബെവ്കോ മാനേജിങ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ‘ഹൈ സ്പിരിറ്റ് ബെവ്കോ ബോട്ടിക്ക്’ എന്ന പേരിലുള്ള ഈ ഔട്ട്ലെറ്റിന്, കേരളത്തിൽ ആദ്യമായി ഒരു മാളിനകത്ത് പ്രവർത്തനം തുടങ്ങുന്ന മദ്യവിൽപ്പനശാല എന്ന പ്രത്യേകത കൂടിയുണ്ട്.
ബെവ്കോയുടെ മറ്റ് ഔട്ട്ലെറ്റുകളിൽ ലഭ്യമായ എല്ലാ പ്രീമിയം മദ്യ ഇനങ്ങളും ഇവിടെ ലഭ്യമാണ്. വിവിധ അന്താരാഷ്ട്ര ബ്രാൻഡുകളിലുള്ള വിദേശ മദ്യങ്ങളും, ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ലഭിക്കുന്ന ബ്രാൻഡുകളും ഉൾപ്പെടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഗോഡൗൺ സൗകര്യങ്ങൾ ഉൾപ്പെടെ 2,400 ചതുരശ്രയടി വിസ്തൃതിയിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.






