പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 5 ലക്ഷം രൂപ വീതം ഭാര്യയ്ക്കും അമ്മയ്ക്കും നൽകും. 20 ലക്ഷം രൂപ അദ്ദേഹത്തിൻ്റെ രണ്ട് മക്കൾക്ക് നൽകും. ഇതു കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
“രാം നാരായൺ ബാഗേൽ കേരളത്തിലേക്ക് എത്തിയത് കുടംബത്തെ രക്ഷിക്കാനാണ്. അദ്ദേഹം കൊല്ലപ്പെട്ടതോടെ രണ്ട് കുട്ടികളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് ആശ്രയമില്ലാത്തവരായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തു. അമ്മയ്ക്കും ഭാര്യയ്ക്കും അഞ്ച് ലക്ഷം രൂപവീതവും രണ്ട് മക്കൾക്കും 10 ലക്ഷം രൂപ വീതവുമാണ് നൽകുക. കുട്ടികൾക്കുള്ള 20 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി നൽകും. ഇതിൻ്റെ പലിശ കുട്ടികളുടെ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് അമ്മയ്ക്ക് നൽകാനും തീരുമാനിച്ചു” മുഖ്യമന്ത്രി വ്യക്തമാക്കി.







