സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മാസ്കറ്റ് ഹോട്ടലിൽ പ്രകാശനം ചെയ്തു. ‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന മുന്നേറ്റമാണ് ക്ലൂ ആപ്പിലൂടെ സാധ്യമാകുന്നതെന്നും ഈ മാറ്റം സംസ്ഥാനത്തിന്റെ ശുചിത്വപരിപാലന പ്രയാണത്തിലേക്കുള്ള പ്രധാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
പബ്ലിക്ക് ടോയലറ്റുകൾ, സ്വകാര്യ ഹോട്ടലുകളിലെ ടോയലറ്റുകൾ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ ടോയലറ്റ് കണ്ടെത്തുന്നതിന് സഹായകരമായ രീതിയിലാണ് ക്ലൂ അപ്പ് സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് ആവിഷ്കരിച്ചിട്ടുള്ളത്. സർക്കാർ നിർമ്മിച്ച 1832 ‘ടേക്ക് എ ബ്രേക്ക്’ (Take a Break) കേന്ദ്രങ്ങളിൽ മികച്ച റേറ്റിംഗുള്ളവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. തദ്ദേശ യാത്രികർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ആശ്വാസകരമാകുന്ന സംവിധാനമാണിതെന്നും മന്ത്രി പറഞ്ഞു.







