മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. സിഐഐയുടെ (CII) ഭാഗമായുള്ള യുവസംരംഭകരുടെ സംഘടന ‘യങ് ഇന്ത്യൻസ്’ അവരുടെ കീഴിലുള്ള 21 സ്ഥാപനങ്ങളിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത്.
ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഉദ്യോഗാർത്ഥിയിൽ നിന്ന് രേഖാമൂലം പ്രതിജ്ഞ എഴുതി വാങ്ങും. ജോലിസമയത്ത് എപ്പോൾ വേണമെങ്കിലും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാകാം എന്ന സമ്മതപത്രം ഉദ്യോഗസ്ഥരിൽ നിന്ന് മുൻകൂട്ടി വാങ്ങും. പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
ആദ്യഘട്ടത്തിൽ ഏകദേശം 1100 ജീവനക്കാർ പദ്ധതിയുടെ ഭാഗമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐടി മേഖലയുൾപ്പെടെയുള്ള മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ മാതൃക പിന്തുടരാവുന്നതാണ്. ഭാവിയിൽ സർക്കാരിന്റെ അനുമതിയോടെ സർക്കാർ ഓഫീസുകളിലും ഇത് നടപ്പിലാക്കാൻ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം 30,991 കേസുകൾ മയക്കുമരുന്ന് വ്യാപനം തടയാൻ പോലീസ് നടത്തിവരുന്ന ‘ഡി ഹണ്ട്’ സ്പെഷ്യൽ ഡ്രൈവിന്റെ പുരോഗതിയും ഡിജിപി വിവരിച്ചു. ഈ വർഷം ഇതുവരെ 30,991 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 349 കേസുകൾ വ്യാവസായിക അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുത്തതിനാണ്. ഇടത്തരം അളവ് പിടിച്ചെടുത്തതിൽ 957 കേസുകളും ചെറിയ അളവുകൾക്ക് 7718 കേസുകളും ഈ വർഷം റിപ്പോർട്ട് ചെയ്തു. എഡിജിപി എച്ച്. വെങ്കിടേഷ്, ദക്ഷിണ മേഖലാ ഐജി ശ്യാംസുന്ദർ, ഡിഐജി അജിതാ ബീഗം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







