മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ വലിയ മുഴക്കവും പ്രകമ്പനവും നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ സംഭവത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ചൊവ്വാഴ്ച രാത്രി 11.15 ഓടെയാണ് മലപ്പുറത്തെ വിവിധ ഭാഗങ്ങളിൽ അസാധാരണമായ മുഴക്കം അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ രണ്ടുതവണ വലിയ ശബ്ദവും പ്രകമ്പനവും ഉണ്ടായതായി നാട്ടുകാർ പറയുന്നു.
കോട്ടയ്ക്കൽ മേഖലയിലാണ് പ്രകമ്പനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, പുതുപ്പറമ്പ്, പൊട്ടിപ്പാറ, കൊളത്തുപറമ്പ്, എടരിക്കോട് , കാക്കത്തടം, ചീനംപുത്തൂര്, അരിച്ചോൾ തുടങ്ങിയ സ്ഥലങ്ങളിൽ ഭൂമി കുലുങ്ങിയതായി ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. നാട്ടുകാർ വലിയ രീതിയിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അധികൃതർ ഇതുവരെ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ല.
പോലീസ് നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ഭൂകമ്പ മാപിനികളിലെ ഡാറ്റ പരിശോധിച്ചാൽ മാത്രമേ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.







