കണ്ണൂരിലെ രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലുള്ളത്. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായും മക്കൾക്ക് അമ്മയ്ക്കൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജീവിതം മടുത്തെന്നും ഇങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ലെന്നും കലാധരൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു കിടന്നിരുന്നത്. വിളിച്ചിട്ട് ആരും പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കുമ്പോഴാണ് വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കാണുന്നത്. ഇതോടെ ഉണ്ണികൃഷ്ണൻ കത്തുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കളെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായി കണ്ടെത്തിയത്.







