മാനാഞ്ചിറ സ്ക്വയറിൽ എത്തുന്നവർക്ക് എല്ലാ ദിവസവും ആസ്വദിക്കാവുന്ന തരത്തിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് മാനാഞ്ചിറ സ്‌ക്വയറിൽ ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട 12 റോഡുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പുതുവത്സര സമ്മാനമായി മലാപ്പറമ്പ് -മാനാഞ്ചിറ റോഡ് നഗരത്തിന് സമർപ്പിക്കും. സഞ്ചാരികൾക്ക് നഗരഹൃദയത്തിലൂടെ സഞ്ചരിക്കാനാവുന്ന രീതിയിൽ കനോലി കനാലിന്റെ സാധ്യതകളെ പൂർണ്ണമായി ഉപയോഗപ്പെടുത്തും. കനോലി കനാലിന്റെ ആഴം കൂട്ടാനും യാത്രാ – ചരക്ക് ഗതാഗതം ഉൾപ്പെടെ സാധ്യമാവുന്ന നിലയിലേക്ക് നിലവിലുള്ള ചെറിയ പാലങ്ങൾ പൊളിച്ചു ഉയരത്തിലാക്കി വാട്ടർ ട്രാൻസ്പോർട്ടിങ് സൗകര്യം ഉറപ്പുവരുത്തി മാറ്റാനുമുള്ള പ്രവർത്തനം 2026ൽ ആരംഭിക്കും. ഈ പ്രവർത്തനങ്ങളെല്ലാം സാധ്യമായാൽ കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആയി മാറുമെന്നും മന്ത്രി പറഞ്ഞു.
പുതുവത്സരാഘോഷത്തിന് മന്ത്രി കേക്ക് മുറിച്ച് തുടക്കം കുറിച്ചു. ചടങ്ങിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി.
ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന ആശയത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന ലൈറ്റ് ഷോ ജനുവരി രണ്ടുവരെ തുടരും. ഉയർന്ന കമാനാകൃതിയിലുള്ള നടപ്പാത സൃഷ്‌ടിക്കുന്ന ടണൽ ഓഫ് ലൈറ്റ്സ്, ചുവപ്പ്, സ്വർണ നിറങ്ങളിലുള്ള ദി ജയൻ്റ് ഡ്രാഗൺ എന്നിവ ലൈറ്റ് ഷോയിലെ മുഖ്യ ആകർഷണങ്ങളാണ്. ഇൻസ്റ്റലേഷൻ മാതൃകയിലുള്ള ദി ക്രിസ്റ്റൽ ഫോറസ്റ്റ്, വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ തുടങ്ങിയവയും മറ്റു വ്യത്യസ്തങ്ങളായ രൂപങ്ങളും വെളിച്ചത്തില്‍ തെളിഞ്ഞു. മാതൃകകൾക്കു പുറമെ, മാനാഞ്ചിറക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളുമെല്ലാം ദീപങ്ങളാൽ അലംകൃതമാണ്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, വാർഡ് കൗൺസിലർ സാറ ജാഫർ, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണൻ, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ, എഴുത്തുകാരി കെ പി സുധീര, സ്വാമി നരസിംഹാനന്ദ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, കൺസ്യൂമർഫെഡ് മുൻ ചെയർമാൻ എം മെഹബൂബ്, തുടങ്ങിയവരും ചടങ്ങില് സംബന്ധിച്ചു.







