തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർമാരുടെ വാഗ്ദാനങ്ങളും ഭരണസമിതികളുടെ തീരുമാനങ്ങളും ഇനി ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാവില്ല. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷനിലെ ‘മീറ്റിങ് മാനേജ്മെന്റ് മൊഡ്യൂൾ’ പ്രവർത്തനസജ്ജമായതോടെ കേരളത്തിലെ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ഉത്തരവാദിത്വപരവുമാകുന്നു.
ഇനി ഭരണസമിതി തീരുമാനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഭരണസമിതി യോഗങ്ങളുടെ അജണ്ടകളും തീരുമാനങ്ങളും പൊതുജനങ്ങൾക്ക് ഓൺലൈനായി പരിശോധിക്കാനാകും. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങൾ കാരണങ്ങളില്ലാതെ മാറ്റിവെക്കുന്നതും തീരുമാനങ്ങൾ രഹസ്യമാക്കുന്നതുമായ പ്രവണതകൾക്ക് ഇതോടെ അവസാനം കുറിക്കും.
ജനപ്രതിനിധികൾക്കായി പ്രത്യേക ലോഗിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡ് അംഗങ്ങൾക്കും കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതുപോലെ തന്നെ യൂസർ ഐഡിയും പാസ്വേഡും നൽകും. ഇതിലൂടെ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മുൻകൂട്ടി ടൈപ്പ് ചെയ്ത് സമർപ്പിക്കാനും രേഖകളും ഫോട്ടോകളും അപ്ലോഡ് ചെയ്യാനും കഴിയും. യോഗത്തിന് മൂന്നു ദിവസം മുൻപ് തന്നെ അജണ്ടകൾ പരിശോധിക്കാനുള്ള സൗകര്യവും ഉണ്ടാകും. കൂടാതെ യോഗം നടക്കുന്നതിനിടെ തന്നെ പ്രമേയങ്ങൾ ഓൺലൈനായി സമർപ്പിക്കാനുമാകും.







