ഇടുക്കി: കനത്ത തണുപ്പിൽ വിറച്ച് മൂന്നാർ. ഇന്ന് മൂന്നാറിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല മേഖലകളിലാണ് അതിശൈത്യം റിപ്പോർട്ട് ചെയ്തത്. ഉൾപ്രദേശങ്ങളിൽ മൈനസ് ഡിഗ്രി വരെ താപനില കുറഞ്ഞതായി നാട്ടുകാർ പറയുന്നു. . ഇന്ന് പുലർച്ചെ മൂന്നാർ ടൗണിൽ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനിലയാണിത്.
ദിവസങ്ങളായി മൂന്നാറിൽ കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 23ന് താപനില മൈനസ് രണ്ട് ഡിഗ്രിവരെ എത്തിയിരുന്നു. സാധാരണയായി ഡിസംബർ–ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്. ഈ മാസം അവസാനത്തോടെ താപനില വീണ്ടും മൈനസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൂന്നാറിലെ തണുപ്പ് വർധിച്ചത് ഏറെനാളായി മാന്ദ്യത്തിലായിരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ആശ്വാസമായി. നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലെ പുൽമേടുകളിൽ അതിരാവിലെ എത്തുന്നവർക്ക് കനത്ത തണുപ്പ് ആസ്വദിക്കാം. മൂന്നാറിന്റെ പ്രധാന ആകർഷണമായ ഇരവികുളം ദേശീയോദ്യാനത്തിൽ വംശനാശഭീഷണി നേരിടുന്ന വരയാടുകളെ കാണാം. മാട്ടുപ്പെട്ടി ബോട്ടിംഗ്, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളാണ്.







