ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിർണായക അറസ്റ്റ് നടത്തി. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരി സ്വദേശി ഗോവർധനനെയുമാണ് അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശില്പത്തിൽ നിന്നുള്ള സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശില്പങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം ഗോവർധനൻ വാങ്ങിയതായും വ്യക്തമായി.
ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് എത്തിച്ചത്. അവിടെ വെച്ചാണ് സ്വർണം വേർതിരിച്ചെടുത്തത്. വേർതിരിച്ച സ്വർണം കൽപ്പേഷ് എന്ന ഇടനിലക്കാരൻ മുഖേന ഗോവർധനന് കൈമാറിയതായാണ് എസ്ഐടി കണ്ടെത്തൽ. ബെല്ലാരിയിൽ നടത്തിയ തെളിവെടുപ്പിൽ ഗോവർധനന്റെ ജ്വല്ലറിയിൽ നിന്ന് 800 ഗ്രാമിലധികം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
ഇതിന് പിന്നാലെ തന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ, ഗോവർധനുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ജ്വല്ലറിയിൽ പോയിട്ടുണ്ടെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നും തന്ത്രി മൊഴി നൽകി. പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന വിവരവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
പങ്കജ് ഭണ്ഡാരി ആദ്യം അന്വേഷണ സംഘത്തിന് തെറ്റായ മൊഴിയാണ് നൽകിയിരുന്നത്. സ്വർണപ്പാളികൾ തന്റെ സ്ഥാപനത്തിൽ എത്തിയിട്ടില്ലെന്നും ചെമ്പുപൂശിയ പാളികളാണ് എത്തിയതെന്നും ഇയാൾ അവകാശപ്പെട്ടു. സ്വർണം പൂശിയ പാളികൾ സ്വീകരിക്കുകയോ അത്തരത്തിലുള്ള ജോലികൾ ചെയ്യുകയോ ഇല്ലെന്നും ഭണ്ഡാരി പറഞ്ഞിരുന്നു. ഈ മൊഴികൾ അന്വേഷണ സംഘത്തിന് ഗുരുതരമായ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. നേരത്തെ ദേവസ്വം വിജിലൻസിനെയും ഭണ്ഡാരി കബളിപ്പിച്ചതായും കണ്ടെത്തി. ശുദ്ധമായ തകിടുകളിൽ മാത്രമേ സ്വർണം പൂശൽ ജോലികൾ ചെയ്യുകയുള്ളൂവെന്ന് ഇയാൾ കോടതിയിൽ പോലും പറഞ്ഞിരുന്നു. ഇന്ത്യയിലെ നിരവധി പ്രധാന ക്ഷേത്രങ്ങളിൽ സ്വർണം പൂശൽ ജോലികൾ നടത്തിയിട്ടുള്ള സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്.
ശബരിമല സ്വർണക്കൊള്ള സംരക്ഷകർ തന്നെ വിനാശകരായി മാറിയ അപൂർവമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ കടുത്ത പരാമർശങ്ങൾ. എസ്ഐടിക്കെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. അന്വേഷണത്തിൽ അലംഭാവം പാടില്ലെന്നും ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണം ഉന്നതരിലേക്കും നീങ്ങണമെന്ന് കോടതി നിർദേശിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ ഇതുവരെ പ്രതിചേർക്കാത്തതെന്തെന്ന ചോദ്യവും കോടതി ഉന്നയിച്ചു







