കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കി നിർമ്മിക്കുന്ന ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്ന അനുമാനത്തിൽ മാത്രം സംപ്രേഷണം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്നും യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി സിനിമകളോ സീരീസുകളോ വരുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.
സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമായ ‘കുറുപ്പ്’ സിനിമയെയും കോടതി ഇതിന് ഉദാഹരണമായി പരാമർശിച്ചു. എങ്കിലും വിചാരണ നടക്കുന്ന കേസായതിനാൽ നിർമ്മാതാക്കളായ ജിയോ ഹോട്ട്സ്റ്റാറിനും സംവിധായകൻ മിഥുൻ മാനുവൽ തോമസിനും സി.ബി.എഫ്.സിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ജനുവരി പതിനഞ്ചിന് വീണ്ടും പരിഗണിക്കും. ലിയോണ ലിഷോയിയും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സീരീസ് പാലായിലും പരിസരങ്ങളിലുമായാണ് ചിത്രീകരിച്ചത്.







