മലപ്പുറം: തെന്നലയിൽ കാർ യാത്രക്കാരനെ ആക്രമിച്ച് രണ്ട് കോടി രൂപ കവർന്ന കേസിൽ സൂത്രധാരൻ അറസ്റ്റിൽ. കൂരിയാട് സ്വദേശി ഏറിയാടൻ സാദിഖ് അലിയാണ് പൊലീസ് പിടികൂടിയത്. പണം നഷ്ടപ്പെട്ട തെന്നല സ്വദേശി പറമ്പിൽ മുഹമ്മദ് ഹനീഫയുടെ ജോലിക്കാരനായിരുന്നു സാദിഖ് അലി. കവർച്ചയ്ക്ക് ഉപയോഗിച്ച കാർ വാങ്ങി നൽകിയതും സാദിഖ് അലിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കവർച്ചയ്ക്ക് പിന്നാലെ ഒളിവിൽ പോയ ഇയാളെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 14-നു രാത്രിയിലാണ് പ്രവാസിയായ മുഹമ്മദ് ഹനീഫ് സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി നാലംഗ സംഘം ആക്രമിച്ച് രണ്ട് കോടി രൂപ കവർന്നത്. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ പിന്തുടർന്ന് പൊലീസ് ഗോവ വരെ എത്തിയെങ്കിലും, ഇതിനിടയിൽ പ്രതികൾ കോഴിക്കോട് തിരിച്ചെത്തി. അവിടെ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി കരീം, പരപ്പനങ്ങാടി സ്വദേശി രജീഷ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയായ മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ പങ്കെടുത്ത നാല് പേരും ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് കേസിന്റെ സൂത്രധാരനായ സാദിഖ് അലിയിലേക്ക് പൊലീസ് എത്തിയത്.







