62 വർഷമായി വിള്ളൽ വീഴ്ത്താൻ കഴിയാതെ സി.പി.എം തുടർച്ചയായി ഭരിക്കുന്ന അരിക്കുളത്ത് ആകെയുള്ള 15 സീറ്റിൽ 7 എണ്ണത്തിൽ യു.ഡി.എഫ് മിന്നും വിജയം നേടി. ഇന്നേവരെ 3 സീറ്റിൽ കൂടുതൽ യു.ഡി.എഫ്. വിജയിച്ചിട്ടില്ല. ഊരള്ളൂർ 9-ാം വാർഡിൽ 21 വോട്ടിന്റെ നേരിയ വ്യത്യാസത്തിന് യു.ഡി.എഫ്. പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഭരണം യു.ഡി.എഫിന്റെ കൈയ്യിലെത്തുമായിരുന്നു. അരിക്കുളം പഞ്ചായത്തിൽ സി.പി.എം ഘടക കക്ഷികളായ സി.പി. ഐ, രാഷ്ട്രീയ ജനതാദൾ എന്നിവർക്ക് നിലവിൽ ഓരോ സീറ്റുള്ളത് നഷ്ടപ്പെട്ടു. പന്തലായനി ബ്ളോക്ക് പഞ്ചായത്ത് അരിക്കുളം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഹാഷിം കാവിൽ 23 വോട്ടിന് പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ ബ്ളോക് പഞ്ചായത്ത് ഭരണവും യു.ഡി.എഫിന്റെ കൈയിലെത്തുമായിരുന്നു.
അരിക്കുളത്തെ 2, 3, 4, 5, 6, 7, 8, 9 എന്നീ 8 വാർഡുകൾ ഉൾപ്പെട്ട ഉള്ള്യേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി റീമ കുന്നുമ്മൽ, അരിക്കുളം ഡിവിഷനിൽനിന്നുള്ള ലത കെ പൊറ്റയിൽ എന്നിവരുടെ ജയം അരിക്കുളത്ത് ചുവപ്പ് മാഞ്ഞു തുടങ്ങുന്നതിന്റെ ലക്ഷണമായാണ് യു.ഡി.എഫ്. കരുതുന്നത്. മുൻകാലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ അരിക്കുളം പഞ്ചായത്തായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ അർപ്പിച്ചിരുന്നത്. ഇവിടെ മൂവായിരവും നാലായിരവും വോട്ട് എൽ.ഡി.എഫിന് ലഭിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 746 വോട്ടിന്റെ ഭൂരിപക്ഷം ഷാഫി പറമ്പിലിനായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് എം.എൽ.എ. ഉണ്ടാകുമെന്നും അരിക്കുളത്തു നിന്നും ചരിത്ര ഭൂരിപക്ഷം സമ്മാനിക്കുമെന്നും ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി രാമചന്ദ്രൻ നീലാംബരി, ആർ.വൈ.എഫ്. സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.






