ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യസംഘത്തില്‍നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ കേസില്‍ പുതിയ അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.
അതേസമയം രാഹുലിന്റെ അറസ്റ്റ് ലക്ഷ്യമിട്ട് രണ്ടാമത്തെ ബലാത്സംഗക്കേസിലെ അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ബെംഗളൂരുവിലുള്ള അതിജീവിതയിൽനിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ അവിടെയുണ്ട്. എന്നാൽ, അതിജീവിത സംഘത്തിന് മുന്നിലെത്താൻ തയ്യാറായിട്ടില്ല. പോലീസ് ആസ്ഥാനത്തെ എഐജി ജി. പൂങ്കുഴലിക്കാണ് അന്വേഷണച്ചുമതല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അതിജീവിതയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുള്ളിൽ മൊഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.







