തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും കൊയിലാണ്ടി, രാമനാട്ടുകാര മുനിസിപ്പാലിറ്റികളിലേയും കമ്മീഷനിംഗാണ് ആരംഭിച്ചത്. പേരാമ്പ്ര ബ്ലോക്കിലെ സ്വീകരണ-വിതരണ കേന്ദ്രമായ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വോട്ടിംഗ് യന്ത്ര കമ്മീഷനിംഗ് പ്രക്രിയ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ്പേപ്പര്‍ ക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ല കളക്ടര്‍ വിലയിരുത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയനും സന്നിഹിതയായിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടിംഗ് യന്ത്ര കമ്മീഷനിംഗ്, വിതരണ കേന്ദ്രമായ നടക്കാവ് സ്‌കൂളില്‍ ഇന്ന് (06) നടക്കും. തൂണേരി, കുന്നുമ്മല്‍, ബാലുശേരി, പന്തലായനി, കുന്ദമംഗലം, തോടന്നൂര്‍ ബ്ലോക്കുകളിലും വടകര, പയ്യോളി, കൊടുവള്ളി, ഫറോക്ക്, മുക്കം മുനിസിപ്പാലിറ്റികളിലും യന്ത്ര കമ്മീഷനിംഗ് ഇന്ന് (06) നടക്കും. ഡിസംബര്‍ ഏഴോടെ ജില്ലയിലെ കമ്മീഷനിംഗ് പ്രക്രിയ പൂര്‍ത്തിയാകുമെന്ന് ജില്ല തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ പത്തിനാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുക. അതുവരെ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും.







