നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസ്സുള്ള മകനുമാണ് തായ്‌ലൻഡിൽ നിന്ന് പക്ഷികളെ കടത്തിയത്
കോലാലംപൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയ കുടുംബത്തെ, ഇന്ന് പുലർച്ചെയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സിറ്റ് പോയിന്റിൽ വെച്ച് കസ്റ്റംസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ ചെക്ക് ഇൻ ബാഗേജിൽ നിന്നാണ് വംശനാശഭീഷണി നേരിടുന്ന 11 ജീവനുള്ള പക്ഷികളെ കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് കർശന മാനദണ്ഡങ്ങളുണ്ട്. ഏതെങ്കിലും മൃഗശാല വഴിയോ മറ്റോ മാത്രമേ ഇവയെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഈ നിയമങ്ങളെല്ലാം ലംഘിച്ചാണ് പക്ഷികളെ കടത്താൻ ശ്രമിച്ചത്.
പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും കസ്റ്റംസ് വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്തുവരുന്നു. കച്ചവട ലക്ഷ്യത്തോടെയാണോ ഇവയെ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത പക്ഷികളെ തിരികെ തായ്‌ലൻഡിലേക്ക് തന്നെ അയക്കും.






