ബാലുശ്ശേരി: സ്വർണവില ഉയർന്നതോടൊപ്പം ബസുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘങ്ങൾ സജീവരായി. തിരക്കേറിയ സർവീസുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് ഒളിച്ചോടുകയാണ്. പ്രായമായ സ്ത്രീകളുടെയും ചെറിയ കുട്ടികളുടെയും ആഭരണങ്ങളാണ് കൂടുതലായും ലക്ഷ്യമിടുന്നത്.
താമരശ്ശേരി–കൊയിലാണ്ടി റൂട്ടിലോടുന്ന ബസുകളിലാണ് മോഷണം വർധിച്ചതായി പോലീസ് അറിയിച്ചു. ദിനംപ്രതി ഒന്നിലധികം പരാതികളാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ നിന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രദർശനത്തിനുപോയ ഒരു സ്ത്രീയുടെ മൂന്ന് പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്.
ഉള്ളിയേരി–ബാലുശ്ശേരി റൂട്ടിലോടുന്ന ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരു സ്ത്രീയുടെ ഒന്നര പവന്‍ വരുന്ന സ്വര്‍ണാഭരണവും കവർച്ച ചെയ്യപ്പെട്ടിരുന്നു. കൂട്ടമായി പ്രവർത്തിക്കുന്ന സംഘങ്ങൾ യാത്രക്കാരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തി നിമിഷങ്ങൾക്കകം ഇടം മാറുകയാണ്. ഇതരജില്ലകളിൽ നിന്നെത്തുന്ന സംഘത്തെ ഇറക്കി ഇവർക്ക് സംരക്ഷണമൊരുക്കുന്ന ലോക്കൽ കൂട്ടരും ഉണ്ടെന്ന വിവരമാണ് പോലിസിന് ലഭിച്ചത്.
പൊതുഗതാഗതം ഉപയോഗിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കാതിരിക്കുന്നത്, തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നത്, സംശയാസ്പദരായ യാത്രക്കാരെ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കുന്നത് എന്നിവ നിർദേശിച്ചു.
എല്ലാ ബസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ബസ് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.







