നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് മുറിച്ച് കടന്നു പോകുന്ന പള്ളിക്കര കിഴൂർ- നന്തി റോഡിൽ അണ്ടർ പാസ് നിർമ്മാണം തുടങ്ങി. അടിഭാഗത്തെ കോൺക്രീറ്റ് പ്രവർത്തിയാണ് ചൊവ്വാഴ്ച നടന്നത്. അടിപ്പാത നിർമ്മാണ പ്രവൃത്തി തുടങ്ങിയതോടെ ഈ റോഡിൽ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമാണ് അണ്ടർപാസ് നിർമ്മിക്കുന്നത്. അണ്ടർ പാസ് നിർമ്മാണം പൂർത്തിയായാൽ ശ്രീശൈലം കുന്നും നന്തിയിൽ നേരത്തെ ആറ് വരി പാതക്കായി നിർമ്മിച്ച ഓവർ പാസുമായി ബൈപ്പാസ് റോഡ് ബന്ധിപ്പിക്കാൻ മണ്ണിട്ട് ഉയർത്തും. ഈ പ്രവർത്തി രണ്ടുമാസം കൊണ്ട് പൂർത്തിയാകുമെന്നാണ് അറിയുന്നത്.
ഇവിടെ അടിപ്പാത അനുവദിച്ചത് പ്രദേശവാസികൾക്കും ഈ റോഡിലൂടെ പോകുന്ന നൂറുകണക്കിന് യാത്രക്കാർക്കും പ്രയോജനമാവുകയാണ്. അണ്ടർപാസ് ഇല്ലെങ്കിൽ പ്രദേശവാസികൾക്ക് കടുത്ത യാത്രാക്ലേശം അനുഭവിക്കേണ്ടി വരുമായിരുന്നു. അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി ജനങ്ങൾ പ്രക്ഷോഭ രംഗത്തായിരുന്നു.







