അന്നദാനത്തിന്‍റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക.
അതേസമയം, ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇന്റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്. മഫ്തി പട്രോളിംഗ്, കാൽനട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്റെ സന്നിധാനത്തെ പ്രവര്‍ത്തനം.







