തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ മാതൃകാ പെരുമാറ്റ ചട്ടം, ഹരിത പെരുമാറ്റ ചട്ടം എന്നിവ വിശദീകരിച്ചു. മാതൃകാ പെരുമാറ്റ ചട്ടവും ഹരിത ചട്ടവും രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.
പോളി എത്തിലിൻ, പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള 100 ശതമാനം കോട്ടൻ തുണി എന്നിവ ഉപയോഗിച്ച് മാത്രമേ ബോർഡുകളും ബാനറുകളും ഒരുക്കാൻ പാടുള്ളൂവെന്ന് യോഗത്തിൽ നിർദേശം നൽകി.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് മോഹനപ്രിയ, എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപികാ ഉദയന്‍, പോസ്റ്റൽ ബാലറ്റ് നോഡല്‍ ഓഫീസര്‍ എ എസ് ബിജേഷ്, പി ടി പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്‌ഥാനാർഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു.







