വരന്തരപ്പിള്ളിയിൽ ഗര്‍ഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവ് ഷാരോണിൻ്റെ വീട്ടിൽ നിന്ന് അർച്ചന (20) നിരന്തരം ശാരീരിക പീഡനം നേരിട്ടിരുന്നുവെന്നും ഷാരോണ്‍ തൻ്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും അര്‍ച്ചനയുടെ പിതാവ് ഹരിദാസ് വൈകാരികമായി പ്രതികരിച്ചു.
“അവൻ ഞങ്ങടെ കുഞ്ഞിനെ കൊന്നതാ, ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചിരുന്നില്ല” എന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനും ഭർതൃമാതാവിനും എതിരെ ആരോപണവുമായി കുടുബം രംഗത്തെത്തി. നന്തിപുലം മാക്കോത്ത് ഷാരോണിൻ്റെ ഭാര്യ അർച്ചനയാണ് പൊള്ളലേറ്റ് മരിച്ചത്. സ്ത്രീധന നിരോധന നിയമ പ്രകാരവും ഷാരോണിനെതിരെ പൊലീസ് കേസെടുത്തു. ഷാരോൺ മദ്യപാനത്തിനും ലഹരിക്കും അടിമയാണെന്നും പൊലീസ് പറഞ്ഞു.
മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പിതാവ് ഹരിദാസ് പറഞ്ഞു. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ലെന്ന് പിതാവ് ആരോപിച്ചു. പിന്നാലെ ഷാരോണിനും മാതാവ് രജനിക്കുമെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്.
20 വയസുകാരിയായ അർച്ചനയെ ഇന്നലെ (നവംബർ 26) വൈകിട്ട് നാലുമണിയോടുകൂടിയാണ് ഭർതൃ വീട്ടിന് സമീപം പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപാണ് ഷാരോണും അർച്ചനയും പ്രണയിച്ച് വിവാഹിതരായത്. പെയിൻ്റിങ് തൊഴിലാളിയായ ഷാരോൺ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.







