പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അയോധ്യയിൽ ഉയര്‍ന്ന പതാക ധർമ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. രാമന്റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവിനിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയര്‍ത്തിയത്. രാമന്റെയും സീതയുടെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ദേശീയ ഐക്യത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിക്കുന്നത്.
പ്രധാന ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പതാക ഉയര്‍ത്തൽ ചടങ്ങ് നടക്കുന്നത്. അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ധ്വജാരോഹണ ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് പുറമെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവൻമാർ തുടങ്ങിയവരും പങ്കെടുന്നുണ്ട്. ചടങ്ങിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് സുരക്ഷാ വിന്യാസം കർശനമാക്കിയിട്ടുണ്ട്.







