വാഹനാപകടത്തിൽ കാറിന്നുള്ളിൽ കുടുങ്ങി പോയ സ്കൂട്ടർ യാത്രക്കാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ ബാലുശ്ശേരി എരമംഗലം ചെറിയ പറമ്പിൽ സി.പി. മുഹമ്മദി (55) നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയിൽ കുറുവങ്ങാട് ആയിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്ത് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരൻ കാറിന്റെ അടിഭാഗത്തെ എൻജിന്റെ ഭാഗത്ത് തല കുടുങ്ങിയ നിലയിൽ ആയിരുന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയിട്ടും ഇദ്ദേഹത്തെ കാറിനുള്ളിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാൻ സാധിച്ചില്ല.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിൻ്റെ ഒരു ഭാഗം നിക്കി അപകടത്തിൽപ്പെട്ടയാളെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. കൊയിലാണ്ടി ഫയർ സ്റ്റേഷൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി.കെ.അനൂപ് കെ, ഫയർ ജീവനക്കാരായ ഹേമന്ത്, ബിനീഷ്, ലിനീഷ്, എസ്.പി.സുജിത്, നിധിൻരാജ്, ഹോം ഗാർഡുമാരായ സുധീഷ്, രാമദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.







