സ്ഥാനാർത്ഥിയുടെ വേറിട്ട പ്രചരണം ചക്കിട്ടപാറയിൽ ഇന്നലെ അരങ്ങേറി. ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കിയുടെ പ്രചരണമാണ് വോട്ടർമാരുടെ ശ്രദ്ധയാകർഷിച്ചത്. മലയോര ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി ചക്കിട്ടപാറ ടൗണിൽ പതിനൊന്നാം വാർഡിൻ്റെ ഭാഗമായ രണ്ട് കടകൾക്കു മുന്നിൽ ഇവർക്കും പൊതു ജനങ്ങൾക്കും ശല്യമുണ്ടാക്കി നാല് മാസം മുമ്പ് വലിയ ഗർത്തങ്ങൾ ഉണ്ടാക്കുകയുണ്ടായി. ഇത് എന്തിനാണെന്നും ആരാണെന്നും ചോദിക്കുന്ന പ്ലക്കാർഡ് കഴുത്തിൽ തൂക്കി 2 ഭാഗത്തും സ്ഥാനാർത്ഥി മൗനം പാലിച്ച് നിന്നു. ഇത് ഒന്നൊന്നര ചോദ്യമാണെന്ന ഉത്തരം വോട്ടർമാരിൽ ചിലർ അഭിപ്രായപ്പെടുകയുണ്ടായി. ഒരു വോട്ട് പോലും ലഭിക്കുകയില്ലെന്ന് മറ്റു ചിലർ ഉരുവിട്ടു. ഒന്നിനു പകരം 2 വോട്ട് കിട്ടിയാൽ രാജൻ വർക്കി വിജയിച്ചെന്ന അഭിപ്രായവും ഒപ്പം ഉയർന്നു.
ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമ്മിക്കുമ്പോൾ റോഡിൻ്റെ വീതി നിയമാനുസൃതം കൃത്യമായി നിർണയിക്കണമെന്ന് കടയുടമകൾ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ആരുടേയോ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇവരുടെ ഷോപ്പിനു മുമ്പിൽ ജനങ്ങളുടെ പോക്കു വരവിനു ക്ളേശമുണ്ടാക്കി ആഴമുള്ള കുഴിയുണ്ടാക്കിയത്. ചക്കിട്ടപാറ ടൗണിൻ്റെ ഹൃദയഭാഗത്താണ് ഒരു ഗർത്തം. വാഹനങ്ങൾക്കും ആളുകൾക്കും കടന്നു പോകാൻ ഇവിടെ ബുദ്ധിമുട്ടാണ്. നാടിൻ്റെ വികസനം സുഗമമായി നടക്കണമെന്ന അഭിപ്രായമുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് പ്രസിഡൻ്റ് കാരിത്തടത്തിൽ ബെന്നി സെബാസ്റ്റ്യൻ്റെ തുണി ഷോപ്പിൻ്റെ മുന്നിലാണ് ഒരു ഗർത്തമുള്ളത്. ചക്കിട്ടപാറയുടെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റ് അന്തരിച്ച കെ.ടി.ദേവസ്യയുടെ മകനാണ് ബെന്നി. ടൗണിലെ രണ്ടു കുഴികളും കടക്കാർക്കും നാട്ടുകാർക്കും ഒരു പോലെ പ്രശ്‌നം തന്നെയാണ്.







