തേവര കോന്തുരുത്തിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വീട്ടുടമസ്ഥനായ ജോർജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു
ചോദ്യം ചെയ്യലിൽ ജോർജ്ജ് കൊലപാതകം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. കൊലപാതകം നടന്ന വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. വീടിനുള്ളിൽ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ജോർജ്ജ് വഴിയിൽ തളർന്നു വീഴുന്നത്. ശുചീകരണത്തൊഴിലാളികളാണ് ചാക്കിൽ പൊതിഞ്ഞ മൃതദേഹത്തിന് സമീപം ഇദ്ദേഹത്തെ കണ്ടെത്തിയത്.
കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ് എന്നാണ് വിവരം. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, വീട്ടുടമസ്ഥൻ ജോർജ്ജ് കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ജോർജ്ജ് സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഈ സമയം വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല.
പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ്ജ്, മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അർദ്ധരാത്രിയോടെ കൊലപാതകം നടന്ന ശേഷം, മൃതദേഹം ചാക്കിൽ കെട്ടി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ജോർജ്ജ് തളർന്നു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ സമീപത്തുവെച്ച് കണ്ടെത്തിയത്.






