കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ അന്യായമായ വിലക്കയറ്റം നിയന്ത്രിക്കുക, 10 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള ബില്ലിൻ്റെ ട്രഷറി നിയന്ത്രണം പിൻവലിക്കുക, ലോക്കൽ മാർക്കറ്റ് റെയ്റ്റിലെ (LMR) അപാകതകൾ പരിഹരിക്കുക എന്നീ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
ക്വാറി, ക്രഷർ ഉൽപ്പന്നങ്ങൾക്ക് അശാസ്ത്രീയമായ വില വർദ്ധനവാണ് നടപ്പാക്കിയത് എന്നും കരാറുകാർക്ക് ഇത് താങ്ങാവുന്നതല്ലെന്നും സർക്കാറിൻ്റെ ലൈഫ് ഭവന പദ്ധതികൾക്ക് ഉൾപ്പെടെ ഈ വില വർദ്ധനവ് ബാധിക്കുമെന്നും നിർമ്മാണ പ്രവർത്തികൾ നിർത്തി വെയ്ക്കേണ്ട അവസ്ഥയിലാണെന്നും കലക്ടറേറ്റ് മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്തു കൊണ്ട് കെ ജി സി എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി വി കൃഷ്ണൻ പറഞ്ഞു. കെ ജി സി എഫ് ജില്ലാ പ്രസിഡണ്ട് വി പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി ജലീലുദ്ദീൻ, സംസ്ഥാന സെക്രട്ടറി പി പ്രശാന്ത് കുമാർ, സംസ്ഥാന സെൻട്രൽ കമ്മിറ്റി അംഗം പി മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗം ഡൊമനിക് എന്നിവർ പ്രസംഗിച്ചു. കെ ജി സി എഫ് ജില്ലാ സെക്രട്ടറി പി സുരേന്ദ്രൻ സ്വാഗതവും, ജില്ലാ ട്രഷറർ സി ടി കുഞ്ഞോയി നന്ദിയും പറഞ്ഞു.







