കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വി എം വിനുവിന് പകരം സ്ഥാനാര്‍ത്ഥിയായി മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജുവിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ സംവിധായകന്‍ വി എം വിനുവിന് മത്സരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കാന്‍ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജു, നിലവിലെ കൗണ്‍സിലര്‍ എം സി സുധാമണി, സുരേഷ് കുമാര്‍ തുടങ്ങിയവരാണ് പരിഗണനയിലുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാമെന്ന ആലോചനയുണ്ടായിരുന്നെങ്കിലും നേരത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ടവരെ രംഗത്തിറക്കാനാണ് കോര്‍ കമ്മിറ്റി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി എം വിനു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് വിനുവിന് മത്സരിക്കാനാകില്ലെന്ന് തീര്‍പ്പായത്.







