ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങളെത്തുടർന്ന് ഇന്ന് മുതൽ ദർശനത്തിന് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് ഇന്ന് മുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം. കൂടാതെ, സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ അയ്യായിരമായി ചുരുക്കാനും വെർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി. ഇന്നലെ സ്പോട്ട് ബുക്കിംഗ് വഴി 20,000 പേർ വരെ മലകയറിയ സാഹചര്യത്തിലാണ് ഈ നടപടി.
മണ്ഡലം മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചു. ആറ് മാസങ്ങൾക്കുമുമ്പ് ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു എന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും കോടതി ചോദിച്ചു. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. കുട്ടികളും പ്രായമായവരും മണിക്കൂറുകളാണ് നീണ്ട ക്യൂവിൽ കാത്ത് നിൽക്കുന്നത്. ഉത്സവം നടത്തുന്നത് പോലെയല്ല മണ്ഡലം മകരവിളക്ക് സീസൺ, ഇതിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
വെർച്വൽ ക്യൂ ടിക്കറ്റുള്ള എല്ലാവർക്കും അനുമതി നൽകുന്നതാണ് തിരക്ക് അനിയന്ത്രിതമായി കൂടാൻ കാരണമെന്ന് കോടതി കണ്ടെത്തി. ഇനി ഷെഡ്യൂൾ സമയത്തിന് 6 മണിക്കൂർ മുൻപും 18 മണിക്കൂറിന് ശേഷവുമുള്ള വെർച്വൽ ക്യൂ ബുക്കിംഗുകൾ അംഗീകരിക്കില്ല. കൂടാതെ, പതിനെട്ടാം പടിയിൽ അനുഭവപരിചയമുള്ള പോലീസുകാരെ വിന്യസിക്കണം, കേന്ദ്രസേനയെ എത്തിക്കാൻ കളക്ടർ നടപടിയെടുക്കണം, ശുചിമുറി സൗകര്യങ്ങൾ മെച്ചപ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങളും കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകി. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിച്ച്, ഓരോ സെക്ടറിനും ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ എണ്ണം നിശ്ചയിച്ച് ശാസ്ത്രീയമായി തിരക്ക് നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.







