കൊയിലാണ്ടി നഗരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. കൊല്ലം അണ്ടര്‍പാസിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ചെമ്മണ്‍ പാതയുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഇത് പൂര്‍ത്തിയാകും. പിന്നീട് ടാറിംങ്ങ് പ്രവൃത്തിയിലേക്ക് കടക്കും. ബൈപ്പാസ് ആരംഭിക്കുന്ന നന്തി ടൗണിലാണ് ഇനി കാര്യമായ പ്രവൃത്തി മുന്നേറാനുളളത്. ഈ ഭാഗത്ത് റോഡ് പണി തുടങ്ങിയാല്‍ നന്തിയില്‍ നിന്ന് സുഗമമായി ബൈപ്പാസിലേക്ക് കടക്കാന്‍ കഴിയും. പന്തലായനി കൂമന്‍ തോട് റോഡില്‍ പുതുതായി നിര്‍മ്മിച്ച അണ്ടര്‍പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. അണ്ടര്‍പാസിന്റെ തെക്ക് ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി. വടക്കു ഭാഗത്ത് റോഡ് നിര്‍മ്മാണം തുടങ്ങി. ഈ ഭാഗങ്ങളില്‍ സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ട്. സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ചെങ്ങോട്ടുകാവില്‍ നിന്ന് നന്തി വരെ സുഗമമായി സഞ്ചരിക്കാന്‍ കഴിയും.
നന്തിയില്‍ നിലവിലുളള ദേശീയപാതയുമായി ബൈപ്പാസ് സന്ധിക്കുന്നിടത്ത് പ്രവൃത്തി ഏറെ മുന്നേറാനുണ്ട്. ഇവിടെ നിര്‍മ്മിച്ച അണ്ടര്‍പാസുമായി ബൈപ്പാസ് റോഡിനെ ബന്ധിപ്പിക്കണം. എങ്കില്‍ മാത്രമേ ചെങ്ങോട്ടുകാവ് വഴി വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കണ്ണൂര്‍ റോഡിലേക്ക് കടക്കാന്‍ കഴിയുകയുളളു. നന്തി ശ്രീശൈലം കുന്നിലേക്കുളള ചെറുപാതയിലൂടെയാണ് വാഹനങ്ങള്‍ ഇപ്പോള്‍ ഓടുന്നത്. ഈ റോഡ് തകര്‍ന്ന് കിടപ്പാണ്. എന്നാലും ധാരാളം വാഹനങ്ങള്‍ ബൈപ്പാസിലേക്ക് കയറാന്‍ ഇതു വഴി വരുന്നുണ്ട്. ഇതേ അവസ്ഥ തന്നെയാണ് ചെങ്ങോട്ടുകാവിലും. ചെങ്ങോട്ടുകാവില്‍ പണിത അണ്ടര്‍പാസുമായി ആറു വരി പാത ബന്ധിപ്പിച്ചിട്ടില്ല.

ബൈപ്പാസ് റോഡ് മുറിച്ചു കടക്കുന്ന കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിലെ കോമത്തുകരയില്‍ സര്‍വ്വീസ് റോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ബൈപ്പാസിന്റെ വശത്തിലൂടെ വരുന്ന സര്‍വ്വീസ് റോഡ് കോമത്തുകരയില്‍ നിലവിലുളള സംസ്ഥാന പാതയുമായി കൂടിച്ചേരും. സംസ്ഥാന പാത വഴി കടന്നു വരുന്ന വാഹനങ്ങള്‍ക്ക് സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കാനും, സര്‍വ്വീസ് റോഡ് വഴി വരുന്ന വാഹനങ്ങള്‍ക്ക് സംസ്ഥാന പാതയിലേക്ക് കയറാനും ഇവിടെ സൗകര്യമുണ്ടാവും.
ചെങ്ങോട്ടുകാവിനും നന്തിയിക്കും ഇടയില്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യ മാകുന്നത്. ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതോടെ കൊയിലാണ്ടി നഗരത്തില്‍ അനുഭവപ്പെടുന്ന തീരാത്ത യാത്രാദുരിതത്തിന് അറുതിയാവും. ദീര്‍ഘദൂര വാഹനങ്ങള്‍ എല്ലാം തന്നെ ബൈപ്പാസിലൂടെ കടന്നു പോകുന്നതോടെ നിലവിലെ ദേശീയ പാതയിലെ കുരുക്കഴിയും.







