തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ നടത്തുന്ന പ്രവൃത്തികൾ ഗുണ്ടായിസമാണെന്നും ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു
സമീപകാലത്ത് സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾക്കെതിരെ പരമ്പരാഗത ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധവും യാത്ര തടയലും ശക്തമായിരിക്കുകയാണ്. ആദ്യം ഓൺലൈൻ ടാക്സിക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന ഗതാഗത മന്ത്രി പിന്നീട് നിലപാട് മാറ്റിയിരുന്നു. ഇതാണ് ഇപ്പോഴത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കിയതെന്ന് ഊബർ, ഓല ഡ്രൈവർമാർ ആരോപിച്ചു.
പരമ്പരാഗത ടാക്സി ഡ്രൈവർമാർ നടത്തുന്ന കൈയാങ്കളിയും യാത്ര തടയലും ഗുണ്ടായിസമാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. അത്തരത്തിൽ പ്രവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും കൈയാങ്കളിയുടെ ദൃശ്യങ്ങൾ ലഭിച്ചാൽ മോട്ടോർ വെഹിക്കിൾ വകുപ്പ് തൽക്ഷണം സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുറ്റകൃത്യത്തിന്റെ ഗൗരവത്തിനനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







