സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്പ പരിധി വര്‍ധിപ്പിച്ചു. ഒരു കോടി രൂപയാണ് പുതിയ വായ്പ പരിധി. മുമ്പത് 75 ലക്ഷം രൂപയായിരുന്നു. 100 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള ബാങ്കുകള്‍ക്കാണ് ഒരു കോടി രൂപ വായ്പ നല്‍കാന്‍ സാധിക്കുക. 100 കോടി വരെ നിക്ഷേപമുള്ള ബാങ്കുകള്‍ക്ക് 75 ലക്ഷം രൂപവരെയാണ് വായ്പരിധി.
പ്രാഥമിക സഹകരണസംഘങ്ങള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണസംഘങ്ങള്‍ എന്നിവയ്ക്ക് അംഗങ്ങളുടെ പരസ്പര ജാമ്യത്തില്‍ 50,000 രൂപവരെ വായ്പ നല്‍കാന്‍ സാധിക്കും. ശമ്പള സര്‍ട്ടിഫിക്കറ്റോ വസ്തുവോ ജാമ്യമായി നല്‍കിയാല്‍ 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. വിവിധ വായ്പകള്‍ക്കുള്ള പരിധികളും പുനര്‍നിശ്ചയിച്ചിട്ടുണ്ട്. ഇനി മുതല്‍ സ്വര്‍ണപണയത്തിന് പരമാവധി 50 ലക്ഷം രൂപ വരെ വായ്പലഭിക്കും. സ്വയം തൊഴിലിന് 15 ലക്ഷവും വ്യവസായത്തിന് 50 ലക്ഷം രൂപവരെയും വായ്പലഭിക്കും. വിദ്യാഭ്യാസത്തിന് 30 ലക്ഷം വരെയും വിവാഹത്തിന് 10 ലക്ഷം വരെയുമാണ് ഇനിമുതല്‍ വായ്പലഭിക്കുക.
ചികിത്സ മരണാനന്തര കാര്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ, വിദേശ ജോലിക്ക് 10 ലക്ഷം, വാഹനം വാങ്ങാന്‍ 30 ലക്ഷം, വീടിന് ഭൂമി വാങ്ങാന്‍ 10 ലക്ഷം മുറ്റത്തെ മുല്ല ലഘുവായ്പ 25 ലക്ഷം എന്നിങ്ങനെയാണ് പുതിയ വായ്പ പരിധി. വായ്പ നല്‍കുന്ന വസ്തുവിന്റെ മൂല്യനിര്‍ണയം കൃത്യമായി നടത്തണമെന്നും സഹകരണ രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.







