മതങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ്. സരോവരം ട്രേഡ് സെന്ററില്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാനവമൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷ, വിശ്വാസം, പെരുമാറ്റം എന്നിവയിലൂടെയും മറ്റ് വ്യക്തികളുടെ വിശ്വാസങ്ങളില്‍ നാം കാണുന്ന കാഴ്ചപ്പാടുകളിലൂടെയും ഈ സഹവര്‍ത്തിത്വം നിലനില്‍ക്കണം. ഇന്ത്യയുടെയും കേരളത്തിന്റെയും സംസ്‌കാരം മതങ്ങള്‍ തമ്മിലുള്ള പരസ്പര സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാനും ചലച്ചിത്ര ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷനായി. ശാന്തിഗിരി ആശ്രമം ജന. സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. മതവും ജാതിയും ഭാഷയും വേഷവും മനുഷ്യനെ വേര്‍തിരിച്ചാലും രാജ്യത്തിന്റെ മാനവികതാ മൂല്യങ്ങള്‍ എല്ലാവരെയും ഒന്നാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഡോ. ദിവ്യ എസ് അയ്യര്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.വൈ.എസ് കേരള പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടര്‍, ഖുര്‍ആന്‍ പണ്ഡിതന്‍ സി എച്ച് മുസ്തഫ മൗലവി, രാമകൃഷ്ണ ശാരദ മിഷന്‍ സെക്രട്ടറി പ്രവ്രാജിക രാധാ പ്രാണ മാതാജി എന്നിവര്‍ സംസാരിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം സത്യന്‍ സ്വാഗതവും കേരള സംഗീത-നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നന്ദിയും പറഞ്ഞു.
അനിത ഷേഖിന്റെയും സംഘത്തിന്റെയും സൂഫി സംഗീതം, ഡോ. വാഴമുട്ടം ചന്ദ്രബാബു ഒരുക്കിയ മതമൈത്രി സംഗീതാര്‍ച്ചന, മാനവ സംഗീതിക സംഘത്തിന്റെ മാനവ ഗീതങ്ങള്‍, ലൗലി ജനാര്‍ദനന്റെ മതസൗഹാര്‍ദ ഗാനം എന്നിവയും കേരളീയ രംഗകലകളും ഡിജിറ്റല്‍ ദൃശ്യസാധ്യതകളും സമന്വയിപ്പിക്കുന്ന ‘നമ്മളൊന്ന്’ സാംസ്‌കാരിക ദൃശ്യപാഠവും അരങ്ങേറി.
നമ്മളൊന്നില്‍ കേരളം നിറഞ്ഞു
വിശ്വാസം, മൈത്രി, മാനവികത എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ആഹ്വാനം ചെയ്ത് സാംസ്‌കാരിക വകുപ്പ് കോഴിക്കോട്ട് സംഘടിപ്പിച്ച മാനവമൈത്രി സംഗമത്തില്‍ അവതരിപ്പിച്ച നമ്മളൊന്ന് മള്‍ട്ടിമീഡിയ ഇന്ററാക്ടീവ് മെഗാഷോ ശ്രദ്ധേയമായി. കേരളം കടന്നുവന്ന ചരിത്ര മുഹൂര്‍ത്തങ്ങളും വിശ്വാസ മൈത്രിയും മാനവികതയും അടയാളപ്പെടുത്തുന്നതായിരുന്നു ദൃശ്യാവതരണം.
സ്വാമി വിവേകാനന്ദന്‍, ഭാരതിയാര്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി, കുമാരനാശാന്‍ എന്നിവരുടെ സാമ്യരൂപങ്ങളും കേരളീയ രംഗകലകളും ജനകീയ കലകളും സംഗീതം, നൃത്തം, നാടകം, കഥാപ്രസംഗം, സാഹിത്യ കൃതികള്‍, മൈം, റാപ്പ് മ്യൂസിക്, ഗ്രാഫിറ്റി ആര്‍ട്ട്, കണ്ടമ്പററി ഡാന്‍സ് തുടങ്ങിയവയും സമന്വയിപ്പിച്ചായിരുന്നു അവതരണം. നാടക ചലച്ചിത്ര സംവിധായകനും മാനവ മൈത്രീ ജനറല്‍ കണ്‍വീനറുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ സംവിധാനം നിര്‍വഹിച്ച ദൃശ്യവിരുന്നില്‍ പ്രൊഫ. അലിയാരാണ് ശബ്ദം നല്‍കിയത്.







