കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി വി എസ് മനോജിനെ തൽസ്ഥാനത്ത് നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം മാറ്റാൻ തീരുമാനമായി. മാത്രമല്ല നഗരസഭയിൽ രണ്ട് ദിവസം പരാതിക്കിടയായ വോട്ടർമാരുടെ പരാതി പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ ഇടം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റ് ഓപ്പൺ ചെയ്യും. സംസ്ഥാന തലത്തിലാണ് രണ്ട് ദിവസം കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകുന്നതെന്നാണ് വിവരം.
നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവിന്റെ പരാതി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പെടുന്നത്. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ താമസിക്കുന്ന വോട്ടർമാർക്ക് പലർക്കും വെറേ ഡിവിഷനുകളിലാണ് വോട്ടുള്ളതെന്നും പലരെയും വെട്ടിമാറ്റി എന്നും യു ഡി എഫ് പരാതിയുമായി രംഗത്ത് വന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് യു ഡി എഫ് പ്രവർത്തകർ കലക്ടറേറ്റിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല നഗരസഭയിൽ തിരഞ്ഞെടുപ്പ് ഫയലുകൾ കാന്മാനില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഡെപ്യുട്ടി സിക്രട്ടറിയുടെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത തദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നഗരസഭ ഓഫീസിലെത്തി പരിശോധന നടത്തുകയും ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫയലുകൾ ഓഫീസിൽ കാണാനില്ലെന്ന റിപോർട്ടാണ് സമർപ്പിച്ചത്. ഇതേ തുടർന്നാണ് തുടർച്ചയായി ഓഫീസിൽ ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടരി വി എസ് മനോജിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സിക്രട്ടറിയെ മാറ്റാനും വോട്ടർമാർക്ക് അവസരം നൽകാനുമുള്ള നീക്കത്തോടെ പ്രശ്നത്തിന് പരിഹാരമാവുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.







