സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷനെ വിപൂലീകരിക്കാനാണ് കേരള സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണ്‍സെഷനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യം.
നിലവില്‍ കണ്‍സെഷന്‍ പേപ്പര്‍ അധിഷ്ഠിതമാണ്. ഈ സേവനം ഓണ്‍ലൈന്‍ ആക്കുന്നതോടെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കരുതുന്നത്. പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന പേപ്പര്‍ അധിഷ്ഠിത സിസ്റ്റത്തില്‍ നിന്ന് ഡിജിറ്റല്‍ പ്രാമാണീകരണത്തിലേക്കുള്ള പരിവര്‍ത്തനമാണ് പ്രധാന നേട്ടം. ഹൈസ്‌കൂള്‍ പ്രായവും അതിനുമുകളിലും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള യോഗ്യത തല്‍ക്ഷണം പരിശോധിക്കാന്‍ ബസ് കണ്ടക്ടര്‍മാര്‍ക്ക് സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുക. കണ്‍സെഷന്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും വേണം. യാത്ര ചെയ്യേണ്ട പാതസഹിതം വിദ്യാലയ അധികൃതര്‍ കണ്‍സെഷന് ശുപാര്‍ശ നല്‍കണം. ഇതു പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകള്‍ കണ്‍സെഷന്‍ അനുവദിക്കും.
ക്യുആര്‍ കോഡുള്ള കണ്‍സെഷന്‍ കാര്‍ഡാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈല്‍ഫോണില്‍ ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ ഏതുപാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആപ്പിലെ ക്യുആര്‍ കോഡ് കണ്ടക്ടറെ കാണിക്കാം.സ്വകാര്യബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതിലൂടെ സര്‍ക്കാരിന് ലഭ്യമാകും.സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങള്‍ക്കേ കണ്‍സെഷന് ശുപാര്‍ശചെയ്യാന്‍ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ആപ്പില്‍ രജിസ്റ്റര്‍ചെയ്യണം.







