പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും. കത്തിന്റെ കരട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പരിശോധിക്കും. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനമെടുത്തത്. എന്നാൽ, കത്തയക്കാൻ വൈകിയത് ഇടതുമുന്നണിയിൽ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രിയുടെ തിരക്ക് കാരണമാണ് കരട് പരിശോധിക്കാൻ സാധിക്കാതിരുന്നത് എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്നലെ കണ്ണൂരിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇന്ന് തന്നെ കത്ത് പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും. പൊതുവിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാന സർക്കാരിനുവേണ്ടി കേന്ദ്രത്തിലേക്ക് കത്തയക്കുക. ഇന്ന് ഉച്ചയോടുകൂടി കത്ത് കേന്ദ്രത്തിന് കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഈ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം (MoU) മരവിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്തയക്കുക.







