അഖിലകേരള തന്ത്രിസമാജം ഉത്തരമേഖല സമ്മേളനം കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിൽ വച്ച് നടന്നു. തന്ത്രിസമാജം സംസ്ഥാന ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ബാണത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട്, ചാത്തനാട് രാമചന്ദ്രൻ നമ്പൂതിരിപ്പാട്, പ്രശസ്ത തെയ്യം കലാകാരൻ ഡോ. ഷണ്മുഖ ദാസ്, കേരള വാദ്യകലാ അക്കാദമി സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണമാരാർ, പുഷ്ക സേവാ സംഘം സെക്രട്ടറി ദിനേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
വർത്തമാനകാലത്ത് തന്ത്രി സമാജം തങ്ങൾക്കുണ്ടായിരുന്ന അവകാശത്തിനുവേണ്ടി മാത്രമായിരുന്നു കോടതി വ്യവഹാരത്തിൽ ഏർപ്പെട്ടിരുന്നതെ ങ്കിലും ഇതര സമുദായത്തിൻ്റെ അവകാശങ്ങൾക്കെതിരാണെന്ന രീതിയിൽ മാധ്യമങ്ങളിൽ ചർച്ച വഴിതിരിച്ചുവിടുന്ന സാഹചര്യമാണ് ഉണ്ടായതെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ തെറ്റായ നടപടികൾക്കും തന്ത്രി ഉത്തരം പറയേണ്ട സാഹചര്യം ഒഴിവാക്കേണ്ടതാണെന്നും ഉദ്ഘാടന ഭാഷണത്തിൽ പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു. ഉത്തരമേഖല പ്രസിഡന്റ് ആലമ്പാടി പത്മനാഭ പട്ടേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ പാതിരശ്ശേരി ശ്രീകുമാർ നമ്പൂതിരിപ്പാട് സ്വാഗതവും പ്രോഗ്രാം കൺവീനർ മേൽപ്പള്ളി മന പ്രസാദ് അടിതിരിപ്പാട് കൃതജ്ഞതയും രേഖപ്പെടുത്തി.
മലബാർ ദേവസ്വം ബോഡ് നിയമങ്ങളിൽ തന്ത്രി, തന്ത്രിയുടെ സ്ഥാനം, ചുമതലകൾ, അവകാശങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും ഒമ്പതംഗബോഡിൽ അതാത് ക്ഷേത്രം തന്ത്രിയെ ഉൾപ്പെടുത്തണമെന്നും സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നുമുള്ള പ്രമേയം അവതരിപ്പിച്ചു. പൊതു ഇടങ്ങളിൽ ബോഡംഗങ്ങൾ പ്രത്യേകിച്ച് മൂർത്തിയുടെ മുമ്പിൽ പാലിക്കേണ്ട ആചാര്യമര്യാദകൾ പാലിക്കാത്തത് സത്യപ്രതിജ്ഞാ ലംഘനമായി കണക്കാക്കി നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രമേയങ്ങൾ അവതരിപ്പിച്ചു.







