ഭാഷ സംസ്‌കാരമാണെന്നും കേരളീയ സംസ്‌കാരം മികച്ചതാവുന്നത് മലയാള ഭാഷ ശക്തമായത് കൊണ്ടാണെന്നും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രവര്‍ത്തിക്കാനായതും മലയാളഭാഷയെയും സംസ്‌കാരത്തെയും അടുത്തറിയാന്‍ സാധിച്ചതും ഭാഗ്യമായി കാണുന്നെന്നും കലക്ടര്‍ പറഞ്ഞു. കവിയും എഴുത്തുകാരനുമായ സോമന്‍ കടലൂര്‍ മുഖ്യാതിഥിയായി. മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണെന്നും അഭിമാനത്തോടെ ഭാഷയെ ജീവിതത്തിലും ഭരണ സംവിധാനത്തിലും ഉപയോഗിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ് അധ്യക്ഷനായി. സബ് കലക്ടര്‍ എസ് ഗൗതം രാജ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാതല ഭരണ ഭാഷ സേവന പുരസ്‌കാരം അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ പ്രഖ്യാപിച്ചു. അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ കാര്യാലയത്തിലെ ഹയര്‍ ഗ്രേഡ് സീനിയര്‍ ക്ലര്‍ക്ക് കെ രാജീവാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഐ ആന്‍ഡ് പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സി മണിലാല്‍, ഡെപ്യൂട്ടി കലക്ടര്‍ പി വി സുധീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍, എച്ച്.എസ് സി പി മണി എന്നിവര്‍ സംസാരിച്ചു.







