ഗോത്രസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കിർത്താഡ്സ് ഗോത്രഭാഷ പ്രതിഭാ പുരസ്കാരം വാസുദേവൻ ചീക്കല്ലൂരിന്. ഗോത്രഭാഷാ ചരിത്രവഴികളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. ബിർസ മുണ്ടയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ജൻജാതീയ ഗൗരവ് വർഷിന്റെ ഭാഗമായാണ് ഈ അവാർഡ് നല്‍കുന്നത്.
കിർത്താഡ്സ് ഡയറക്ടർ ഡോ. ബിന്ദു എസ്, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. പ്രദീപ്കുമാർ, കെ എസ് ശ്രീമതി. സന്ധ്യാ ശേഖർ, സുഭാഷ് വി എസ് എന്നിവർ അംഗങ്ങളടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും പതിനായിരം രൂപയും പുസ്തകങ്ങളും കീർത്തിഫലകവുമാണ് പുരസ്കാരമായി നൽകുന്നത്. നവംബർ ഒന്നിന് കോഴിക്കോട് കിർത്താഡ്സ് ക്യാമ്പസിൽ വച്ച് നടത്തുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
വയനാട് ജില്ലയിലെ ചീക്കല്ലൂര്‍ സ്വദേശിയായ വാസുദേവന്‍ കെഎസ്ആർടിസിയിൽ മെക്കാനിക്കായിരുന്നു. ഔദ്യോഗികജീവിതത്തിനൊപ്പം ഗോത്രഭാഷയിലും സംസ്കാരത്തിലും ഗവേഷണം നടത്തുകയും എഴുതുകയും ചെയ്തു. കരിന്തണ്ടൻ എന്ന മിത്തിനെ ആധാരമാക്കി എഴുതിയ ചങ്ങല എന്ന നാടകമാണ് ആദ്യകൃതി. തുടർന്ന് നാങ്ക ഇപ്പി മലേന മക്ക, മെലിആട്ടു എന്നീ കൃതികളും രചിച്ചു.







