തിരുവസന്തം ആയിരത്തി അഞ്ഞൂറ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് സോൺ തലങ്ങളിൽ സംഘടിപ്പിച്ച സ്നേഹ ലോകം പരിപാടികളുടെ ജില്ലാ സമാപനം നാളെ കൊയിലാണ്ടി സോണിലെ കാട്ടില പീടികയിൽ നടക്കും. കോഴിക്കോട് നോർത്ത് സൗത്ത് ജില്ലകളിലായി 15 സോണുകളിൽ ഇതിനോടകം സ്നേഹലോകം പൂർത്തിയായി.
കാലത്ത് 9 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങളുടെപ്രാർത്ഥനയോടെ ആരംഭിക്കുന്ന സ്നേഹലോകം സമസ്ത കേന്ദ്ര മുശാവറ മെമ്പർ പുറക്കാട് മുഹിയുദ്ധീൻ കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സോൺ പ്രസിഡണ്ട് ഹബീബ് റഹ്മാൻ സുഹ് രി അധ്യക്ഷത വഹിക്കും. സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി കുറ്റ്യാടി രിസാലത്ത് അവതരിപ്പിക്കും. റഹ്മ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം മധ്യമ നിലപാടിന്റെ സൗന്ദര്യവും, എം അബ്ദുൽ മജീദ് അരിയല്ലൂർ തിരുനബിയുടെ കർമ്മഭൂമികയും സി കെ റാഷിദ് ബുഖാരി നബി സ്നേഹത്തിൻ്റെ മധുരവും, ഇബ്രാഹിം ബാഖവി മേൽമുറി ഉസ് വത്തുൽ ഹസനയും അവതരിപ്പിക്കും.
തുടർന്ന് വൈകിട്ട് 4 മണിക്ക് പൂർണ്ണതയുടെ മനുഷ്യകാവ്യം എന്ന ശീർഷകത്തിൽ നടക്കുന്ന സെമിനാറിന് വിമിഷ് മണിയൂർ, സി. എൻ ജാഫർ സാദിഖ്, മുഹമ്മദലി കിനാലൂർ എന്നിവർ നേതൃത്വം നൽകും. ജില്ലാ സാരഥികളായ അബ്ദുൽ ഹക്കീം ഹാറൂനി, അബ്ദുൽ കരീം നിസാമി എന്നിവർ പദ്ധതികൾ അവതരിപ്പിക്കും. നവാസ് കാപ്പാട് സ്വാഗതവും ഇക്ബാൽ വെങ്ങളം നന്ദിയും പറയും.







