സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ പ്രത്യേക രജിസ്ട്രേഷൻ സിരിസ് നടപ്പിലാക്കും. കെഎൽ 90 ആകും സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന രജിസ്ട്രേഷൻ. സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് കെഎൽ 90, കെഎൽ-90 ഡി എന്നാകും രജിസ്ട്രേഷൻ നൽകുക. അതേസമയം കേന്ദ്ര സർക്കാർ വാഹനങ്ങളിൽ കെ എൽ 90എ, കെ എൽ 90ഇ എന്നിവയാകും. തദ്ദേശ സ്ഥാപനങ്ങൾക്കാകട്ടെ കെ എൽ 90 ബി, കെ എൽ 90എഫ് എന്നിവയും.
അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, വിവിധ സർവകലാശാലകൾ എന്നിവയ്ക്ക് കെ എൽ 90സി ആകും. അതിന് ശേഷം കെ എൽ 90 ജി ആകും രജിസ്ട്രേഷൻ. എന്നാൽ കെഎസ്ആർടിസിയ്ക്ക് നിലവിലെ രജിസ്ട്രേഷന് മാറ്റമില്ല. കെ എൽ-15 ആയി തുടരും. സർക്കാർ വാഹനങ്ങളെ വേഗം തിരിച്ചറിയാനും സർക്കാർ വാഹനം എന്ന ബോർഡ് വച്ച് സ്വകാര്യ വാഹനങ്ങൾ യാത്ര ചെയ്യുന്നത് തടയാനുമാണ് പുതിയ നടപടി. ഇവ എന്തെങ്കിലും കാരണത്താൽ സ്വകാര്യ വ്യക്തികൾക്ക് വിൽക്കുമ്പോൾ നിർബന്ധമായും രജിസ്ട്രേഷൻ മാറണം എന്ന് കരട് വിജ്ഞാപനത്തിലുണ്ട്.
 







