സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂവെന്ന് ആശാ സമരസമിതി പ്രതിനിധി എം എ ബിന്ദു പ്രതികരിച്ചു.
സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് ആശാ സമരം. ആശ പ്രവർത്തകരുടെ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാർ. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്. ഓണറേറിയം വർധനയുടെ ക്രെഡിറ്റ് നേടാൻ സിഐടിയു അടക്കം ശ്രമിക്കുമ്പോഴാണ് സമര സമിതിയുടെ നിർണ്ണായക നീക്കം. തിരിഞ്ഞ് നോക്കാത്ത സർക്കാരിന്റെ മനം മാറ്റത്തിന് കാരണം തങ്ങളുടെ സമരമെന്ന് ആശമാർ ആവർത്തിക്കുന്നു.
 







