ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു. കൊച്ചി പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തിയെന്ന് രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പെൺകുട്ടി സ്കൂൾ വിടാൻ തീരുമാനിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപെട്ടവരെ,
മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്.. അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ, അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്.. പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും പ്രാർത്ഥനാ മനസ്സോടെ, നന്ദിയോടെ…വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ..







