സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി. എട്ടു ദിനങ്ങളിലായി 19,310 കൗമാര കായിക താരങ്ങൾ പങ്കെടുത്ത സംസ്ഥാന സ്കൂൾ കായിക മേളയുടെ വർണാഭമായ കൊടിയിറക്കത്തിൽ മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് തിരുവനന്തപുരം നേടിയത്.
വർഷങ്ങളായി ആധിപത്യം പുലർത്തി വരുന്ന മലപ്പുറത്തെ പിന്തള്ളി 1825 പോയിന്റുകള്‍ നേടിയാണ് തിരുവനന്തപുരം ചാംപ്യന്‍മാരായത്. 203 സ്വർണ്ണവും 147 വെള്ളിയും 171 വെങ്കലവും നേടിയാണ് തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തിയത്. അടുത്ത വര്‍ഷം കണ്ണൂരാണ് സ്കൂള്‍ കായികമേള.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 117.50 പവനുള്ള കപ്പ് തിരുവനന്തപുരം ടീമിന് കൈമാറി. അതേസമയം 22 സ്വർണ്ണവും 29 വെള്ളിയും 24 വെങ്കലവും 247 പോയിന്റുകളുമായി അത്ലറ്റിക്സിൽ മലപ്പുറം തങ്ങളുടെ ആധിപത്യം നിലനിർത്തി. കനത്ത മഴയിൽ കുതിർന്ന സമാപന ചടങ്ങിൽ ഒളിമ്പ്യൻ ശ്രീജേഷ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ്, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം എൽ എ മാരായ ആന്റണി രാജു, എം വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.







