വർഷങ്ങളായി അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന പതിനഞ്ചാം വാർഡ് കുരുടിമുക്ക് – പാളപ്പുറം കുന്ന് പ്രദേശവാസികളുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായി. 20 ഓളം കുടുംബങ്ങൾക്ക് ഏക ആശ്രയമായ 270 മീറ്ററോളം വരുന്ന റോഡ് 6 ലക്ഷം രൂപ ചിലവഴിച്ചാണ് ജനകീയ കമ്മിറ്റി പണി പൂർത്തീകരിച്ചത്. പതിറ്റാണ്ടുകളിലായി ഇടത് പക്ഷ ഭരണ സമിതി നിയന്ത്രിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ വിഷയം അവതരിപ്പിച്ചിട്ടും പരിഹാരമാവാത്ത അവസ്ഥയിലാണ് പ്രദേശ വാസികൾ ജനകീയ കമ്മിറ്റിയിലൂടെ റോഡ് പണി പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയുള്ള പ്രതിഷേധമായും റോഡ് ഉദ്ഘാടന ചടങ്ങ് മാറുകയുണ്ടായി.
പ്രതിദിനം വിദ്യാർത്ഥികളും വയോധികരും ഒരേപോലെ ആശ്രയിക്കുന്നതും എന്നാൽ ദുർഘടവുമായ വഴിയായിരുന്നു ഇത്. ദിവസങ്ങളോളം നീണ്ട കഠിന പ്രയത്നത്തിലൂടെ പ്രിയപ്പെട്ട പി.പി ഷഫീക്ക്, എ.കെ ബഷീർ, എ.എം റസാക്ക്, സി.കെ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ ജനകീയ കമ്മിറ്റിയുടെ നേത്യത്വത്തിൽ നന്മ നിറഞ്ഞ ഒട്ടേറെ പേരുടെ സഹായത്തോടെയാണ് മനോഹരമായ റോഡ് രൂപം കൊണ്ടത്. അവഗണിച്ചവർക്ക് മുന്നിൽ നിങ്ങൾ വിജയം കൊണ്ട് മാതൃക കാണിച്ചിരിക്കുന്നു.







