പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് എന്‍ പി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷനായി.
മലബാര്‍ മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന്‍, ഡര്‍മറ്റോളജി, ഗൈനക്കോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഡോ. ഫാത്തിമ തന്‍സീം, ഡോ. നൗഫല്‍ എന്നിവര്‍ ബോധവത്കരണ ക്ലാസെടുത്തു. ബ്ലോക്ക് പരിധിയിലെ 185 ഹരിത കര്‍മസേനാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വച്ഛതാ ‘ഹി’ സേവാ ക്യാമ്പയിന്റെ ഭാഗമായി യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ, ക്ഷേമകാര്യ സമിതി അധ്യക്ഷ പി കെ രജിത, അംഗങ്ങളായ കെ കെ വിനോദന്‍, പി ടി അഷ്‌റഫ്, പ്രഭാശങ്കര്‍, കെ അജിത, ബിഡിഒ പി വി സുചീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







