ഡിജിറ്റല്‍ സര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യ വില്ലേജായി കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍. ഭൂരേഖകള്‍ റവന്യൂ ഭരണത്തിലേക്ക് കൈമാറുന്നത്തിന്റെ ഭാഗമായി സര്‍വേ അതിരടയാള നിയമത്തിലെ സെക്ഷന്‍ 13 ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഡിജിറ്റല്‍ സര്‍വേ നടപടികളുടെ രേഖയായ ഫോം 170 ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന് സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ അജിത് ജോണ്‍ കൈമാറി. റവന്യൂ, സര്‍വേ, രജിസ്‌ട്രേഷന്‍ വകുപ്പുകളിലൂടെ പൊതുജനങ്ങള്‍ക്ക് ഭൂമിസംബന്ധമായ സേവനങ്ങള്‍ ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന കാല്‍വെപ്പാണ് ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരണമെന്ന് കലക്ടര്‍ പറഞ്ഞു.
ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേനയാകും ഭൂമിസംബന്ധമായ സേവനങ്ങള്‍ ലഭ്യമാവുക. ഒക്ടോബറോടെ നാല് വില്ലേജുകളില്‍ സെക്ഷന്‍ 13 പ്രസിദ്ധപ്പെടുത്തുമെന്ന് സര്‍വേ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍, സര്‍വേ ജോയിന്റ് ഡയറക്ടര്‍ എം സ്വപ്ന, സര്‍വേ സൂപ്രണ്ട്, ഹെഡ് ഡ്രാഫ്റ്റസ്മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.







