ശബരിമല സ്വർണ മോഷണക്കേസിൽ എസ് ഐ ടി യുടേത് മികച്ച അന്വേഷണമാണെന്ന് തിരുവിതാംകൂർ ദിവസം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അന്വേഷണത്തിൽ ബോർഡിന് നല്ല ആത്മവിശ്വാസമുണ്ട്. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് തന്നെയാണ് വിശ്വാസം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളാണ് ഇന്നത്തെ ബോർഡ് യോഗത്തിന്റെ അജണ്ട. നിലവിലെ ദേവസ്വം ബോർഡിനെതിരായ പരാമർശം നീക്കുന്നത് സംബന്ധിച്ച് സ്റ്റാൻഡിങ് കൗൺസിലിനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
ഭഗവാൻ്റെ ഒരുതരി സ്വർണ്ണം പോലും നഷ്ടപ്പെടാൻ പാടില്ല. ഉന്നതർക്ക് ബന്ധമുണ്ടെങ്കിൽ അതെല്ലാം അന്വേഷണത്തിലൂടെ പുറത്തു വരും.
ശരിയായ കുറ്റവാളികളിലേക്ക് തന്നെ അന്വേഷണസംഘം പോകും. മികച്ച അന്വേഷണമാണ് നിലവിൽ നടക്കുന്നത് എന്നും പി എസ് പ്രശാന്ത് പ്രതികരിച്ചു.
നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. നാല് ഉത്തരവുകളാണ് നിലവിലെ ദേവസ്വം ബോർഡ് സ്വർണ്ണപ്പാളികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ളത്. ഒരു ഉത്തരവിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണ്ണപ്പാളികൾ കൊടുത്തുവിടണം എന്ന തീരുമാനം ഇല്ല. നാല് ഉത്തരവിലും ഒരേ രീതിയിൽ തന്നെയാണ് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട ഞങ്ങൾക്ക് ഒന്നും മറയ്ക്കാനോ ഒളിക്കാനോ ഇല്ല. ഉണ്ണികൃഷ്ണൻ പോറ്റിക്കായി ഒരു ഇടപെടലും ബോർഡ് നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.







