കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ ലഭിച്ചു കൊണ്ടിരുന്ന അഡീഷണൽ അലവൻസ് വെട്ടിക്കുറച്ച സർക്കാർ നിലപാടിലും പ്രതിഷേധിച്ചുകൊണ്ട് ഭരണകക്ഷി ഭേദമന്യേ ആറ് സംഘടനകൾ ഈ മാസം 28, 29 തീയതികളിൽ പണിമുടക്ക് സമരത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. സി.ഐ.ടി.യു നേതൃത്വം നൽകുന്ന രണ്ട് സംഘടനകളാണ് ഈ മാസം 28ന് പണിമുടക്കിക്കൊണ്ട് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്.
ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന രണ്ട് സംഘടനകളും എ. ഐ. ടി. യു. സി സംഘടനകളുമാണ് 29 ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 14 ജില്ലയിലും വെയർ ഹൗസുകൾ കേന്ദ്രീകരിച്ച് മാർച്ച് ധർണ്ണയും നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 29 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുവാൻ ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ ഐ എൻ ടി യു സി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പ്രദീപ്, സംസ്ഥാന കമ്മിറ്റി മെമ്പർ പ്രഭീഷ് പി ടി, റെജിമോൻ ടി ടി, എം ശിവശങ്കരൻ, സുജേഷ് എം എസ്, ടി നിഗിൽ എന്നിവർ സംസാരിച്ചു.







