പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് അഡോൾസെൻ്റ് കൗൺസിൽ സെൽ വിദ്യാർത്ഥി കേന്ദ്രീകൃത പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാറി വരുന്ന തൊഴിൽ സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മിനി ദിശ എക്സ്പോ 2025 ഒക്ടോബർ 24, 25 തിയ്യതികളിൽ മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
ഒക്ടോബർ 24 ന് കാലത്ത് 10 മണിക്ക് ഷാഫി പറമ്പിൽ എം പി എക്സ്പോ ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചണ്ടാടത്ത് മുഖ്യാതിഥിയാവുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷനാവും. ഹയർ സെക്കണ്ടറി ആർ ഡി ഡി പുസ്തകോൽസവവും , കേരള ചലച്ചിത്ര അക്കാദമി റീജിണൽ കോർഡിനേറ്റർ നവീന വിജയൻ ചലച്ചിത്രോൽസവവും ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പേരാമ്പ്ര എം എൽ എ ടി.പി. രാമകൃഷണൻ ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംബന്ധിക്കും. രണ്ട് ദിവസങ്ങളിലായി വടകര വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള 6000 വിദ്യാർത്ഥികൾ മിനി ദിശ സ്റ്റാളുകൾ സന്ദർശിക്കും.
പ്രദർശനത്തിൻ്റെ ഭാഗമായി പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ കരിയർ സംബന്ധിയായ നാല്പതോളം സ്റ്റാളുകളും വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധരുടെ സെമിനാറുകൾ, വിദ്യാർത്ഥികളുടെ അഭിരുചി നിർണയത്തിന് സഹായകരമാകുന്ന കെ. ഡാറ്റ് ടെസ്റ്റ് , കരിയർ ക്ലിനിക്കുകൾ, വിവിധ ഉന്നത സ്ഥാപന പ്രതിനിധികളുമായി മുഖാമുഖത്തിനുള്ള അവസരം എന്നിവ ഉണ്ടായിരിക്കും. കരിയർ മേഖലയിലെ നൂതന പ്രവണതകൾ എന്ന വിഷയം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചു കൊണ്ട് സിനിമ പ്രദർശനവും, പുസ്തകോൽസവവും നടക്കും. സംരംഭകത്വം, കരിയർ രംഗത്തെ പുതിയ പ്രവണതകൾ, വിദേശ പഠനം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നൈപുണികൾ എന്നീ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ ടി.കെ. കിഷോർ കുമാർ, ഡോ. ജ്യോതിസ് പോൾ, എം.ടി. ഫരീദ, ഡോ. ഇസ്മായിൽ മരിതേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ എം. സക്കീർ, ചെയർമാൻ വി.പി. ബിജു, വടകര വിദ്യാഭ്യാസജില്ലാ കോഡിനേറ്റർ അൻവർ അടുക്കത്ത്, ഡോ. ഇസ്മായിൽ മരിതേരി,കെ.സി. മജീദ്, പി. കെ.പ്രിയേഷ് കുമാർ, ടി.കെ. പ്രമോദ് കുമാർ, കെ.എം.മുഹമ്മദ്, എ.സുബാഷ് കുമാർ എന്നിവർ പങ്കെടുത്തു.