നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനം, അതിദരിദ്ര മുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരും സംവിധാനങ്ങളും ഏകോപിതമായി പ്രയത്‌നിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്ത് ചൈന കഴിഞ്ഞാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യപ്രദേശമാണ് കേരളം എന്നത് ലോകത്തിന് കൂടി മാതൃകയാകുന്നുവെന്നും മന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ സംസ്ഥാനത്ത് 4,64,304 വീടുകൾ ഇതിനോടകം പൂർത്തിയാക്കി. 1,33,599 വീടുകളുടെ നിർമാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. 18,885.58 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ഇത്രയും തുക വീടുവെച്ചു കൊടുക്കാൻ ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ലൈഫ്ഭവന പദ്ധതി അപേക്ഷകരില്‍ അര്‍ഹരായ 348 കുടുംബങ്ങള്‍ക്കും വീട് നല്‍കി ജില്ലയില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് പഞ്ചായത്ത് ലക്ഷ്യം കൈവരിച്ചത്. 73 അതിദരിദ്രകുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ പഞ്ചായത്തിന് സാധിച്ചു.
പൂക്കാട് എഫ് എഫ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ജൈവവൈവിദ്ധ്യ രജിസ്റ്റര്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുൾ ഹാരിസിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ സ്മരണിക പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പി ശിവാനന്ദന്‍ മുൻ പ്രസിഡന്റ് അശോകൻ കോട്ടിന് നൽകി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സോമൻ, ഷീബ ശ്രീധരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സന്ധ്യ ഷിബു, അതുല്യ ബൈജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം നിധിൻ, ജൈവ വൈവിദ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. കെ പി മഞ്ജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.